പരിഷ്‌കൃതാശയനായ ഒരു മഹാരാജാവിന്റെ മഹാമനസ്‌കത മാത്രമല്ല ഇതിനു കാരണം.വിദ്യാഭ്യാസത്തിലും സാമൂഹികബോധത്തിലും മുന്നിട്ടു നിന്നിരുന്ന തിരുവിതാംകൂറിലെ ഉദ്‌്‌ബുദ്ധരായ ജനങ്ങളുടെ നിരന്തരവും നിര്‍ബന്ധപൂര്‍വവുമായ അഭ്യര്‍ത്ഥനയുടെ പരിണതഫലം കൂടിയായിരുന്നു അത്. രണ്ട് അനുദ്യോഗസ്ഥാംഗങ്ങളും ആറ് ഉദ്യോഗസ്ഥാംഗങ്ങളും അടങ്ങുന്നതായിരുന്നു ലെജിസ്ലേറ്റിവു കൗണ്‍സിലിന്റെ ആദ്യസമിതി.
കൗണ്‍സിലിന്റെ പ്രഥമ സമ്മേളനം 1888 ആഗസ്റ്റ് 23ന് ഉച്ചയ്‌ക്ക് 12 മണിക്കു ദിവാന്‍ജിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ആഫീസുമുറിയില്‍ ചേര്‍ന്നു. നിയമനിര്‍മാണ കാര്യത്തില്‍ ഗവണ്‍മെന്റിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‌കുകയായിരുന്നു കൗണ്‍സിലിന്റെ ചുമതല. കൗണ്‍സില്‍ രൂപം നല്‌കുന്ന നിയമങ്ങള്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ അതിനു മഹാരാജാവിന്റെ അനുമതി ലഭിച്ചിരിക്കണമെന്നുണ്ടായിരുന്നു.
സ്വാതന്ത്രേ്യച്ഛുക്കളായ ജനങ്ങളുടെ ജനകീയഭരണ സ്ഥാപനത്തിനുവേണ്ടിയുള്ള ഉത്‌ക്കടമായ അഭിവാഞ്‌ഛയെയും അഭിനിവേശത്തെയും ഏറെക്കാലം തടഞ്ഞുനിര്‍ത്തുവാന്‍ ഒരു ശക്തിക്കും സാധ്യമല്ല. ജനകീയാഭിലാഷ പ്രകടനം ശക്തമായിത്തീര്‍ന്നപ്പോള്‍ മഹാരാജാവിനു കൗണ്‍സിലിന്റെ ഘടനയിലും അധികാരപരിധിയിലും കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു.
തിരുവിതാംകൂറിലെ ജനകീയ പ്രക്ഷോഭങ്ങള്‍ക്കു നാന്ദികുറിച്ച മലയാളി മെമ്മോറിയല്‍ സമര്‍പ്പണത്തിന്റെ അനന്തരഫലമായി1898ല്‍ കൗണ്‍സിലിന്റെ അംഗസംഖ്യ പരമാവധി പതിനഞ്ചായി ഉയര്‍ത്തി. 1913 ആയപ്പോഴേക്കും കൗണ്‍സിലില്‍ എട്ട് ഉദ്യോഗസ്ഥന്മാരും ഏഴ് അനുദ്യോഗസ്ഥന്മാരും അംഗങ്ങളായുണ്ടായിരുന്നു.
ശ്രീമൂലം പ്രജാസഭാ
സാമാന്യജനങ്ങള്‍ അവരുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാരായി തുടങ്ങിയിരുന്നുവെങ്കിലും അവ അംഗീകരിച്ചുകിട്ടുന്നതിനുവേണ്ടി പ്രക്ഷോഭമാര്‍ഗം അവലംബിക്കാന്‍ സന്നദ്ധത കാട്ടിയിരുന്നില്ല. അതിനാല്‍ സമൂഹത്തില്‍ പ്രമാണിമാരായി പ്രത്യക്ഷപ്പെട്ടിരുന്നതു ഭൂവുടമകളും വ്യാപാരപ്രമുഖരുമായിരുന്നു. ഭരണം സുഗമമായി നടത്തുവാന്‍ അവരുടെ അഭിപ്രായങ്ങള്‍ ആരായേണ്ടതും ആവശ്യങ്ങള്‍ ഒരതിര്‍ത്തിവരെ അംഗീകരിക്കേണ്ടതും അന്നത്തെ നിലയ്‌ക്ക് അനിവാര്യമായിരുന്നു. ഈ സാഹചര്യത്തിലാണു ശ്രീമൂലം പ്രജാസഭ രൂപവത്‌കൃതമായത്.
നൂറ് അംഗങ്ങളുള്ള പ്രജാസഭയില്‍ ഭൂവുടമകളുടെയും വര്‍ത്തകരുടെയും പ്രതിനിധികളായിരുന്നു ഭൂരിപക്ഷവും. വര്‍ഷത്തിലൊരിക്കല്‍ മാത്രമേ പ്രജാസഭ സമ്മേളിച്ചിരുന്നുള്ളു. സഭയ്‌ക്കു നിയമനിര്‍മാണാധികാരം നല്‌കിയിരുന്നില്ല.
കൗണ്‍സിലിന്റെ അംഗസംഖ്യ 1919ല്‍ ഇരുപത്തഞ്ചായും 1921ല്‍ അമ്പതായും ഉയര്‍ത്തി. അനുദ്യോഗസ്ഥാംഗങ്ങളെ ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുക്കാനും വ്യവസ്ഥ ചെയ്‌തു. ഭൂനികുതിയായോ തൊഴില്‍കരമായോ അഞ്ചു രൂപ കരം തീരുവയുള്ളവര്‍ക്കും സര്‍വകലാശാലാ ബിരുദധാരികള്‍ക്കും മാത്രമായിരുന്നു വോട്ടവകാശം. നിയമനിര്‍മാണാധികാരം കൂടാതെ ബജറ്റു വ്യവസ്ഥകളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനും പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതിനുമുള്ള അവകാശവും കൗണ്‍സിലംഗങ്ങള്‍ക്കു നല്‌കിയിരുന്നു. 1932 വരെ ഈ നില തുടര്‍ന്നു.
ശ്രീമൂലം അസംബ്ലിയും
ശ്രീചിത്രാ സ്റ്റേറ്റു കൗണ്‍സിലും
ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവു രാജ്യഭാരം ഏറ്റെടുത്ത് അധികകാലം കഴിയുന്നതിനുമുമ്പായി നിയമനിര്‍മാണസഭയുടെ രൂപഭാവങ്ങളില്‍ ചില സുപ്രധാന മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. നിയമസഭയ്‌ക്കു ദ്വിമണ്ഡലസംവിധാനം ഏര്‍പെടുത്തിയത് ആ കാലത്താണ്. 72 അംഗങ്ങളുള്ള ശ്രീമൂലം അസംബ്ലിയിലും 37 അംഗങ്ങളുള്ള ശ്രീചിത്രാ സ്റ്റേറ്റു കൗണ്‍സിലിലും അനുദ്യോഗസ്ഥാംഗങ്ങള്‍ക്കായിരുന്നു ഭൂരിപക്ഷം. അസംബ്ലിയിലെ 62 അനുദ്യോഗസ്ഥാംഗങ്ങളില്‍ 43പേരും കൗണ്‍സിലിലെ 27 അനുദ്യോഗസ്ഥാംഗങ്ങളില്‍ 22 പേരും നേരിട്ടു തെരഞ്ഞെടുക്കപ്പെടുന്നവരായിരുന്നു. വോട്ടവകാശം കുറെക്കൂടി വിപുലപ്പെടുത്തുകയും ചെയ്‌തു. 1948ല്‍ ഉത്തരവാദഭരണം സ്ഥാപിതമാകുന്നതുവരെ ഈ സംവിധാനം തുടര്‍ന്നുപോന്നു.
സ്ഥിരാധ്യക്ഷനായ ദിവാന്‍ പ്രസിഡന്റിനെ കൂടാതെ അസംബ്ലിക്കു തെരഞ്ഞെടുക്കപ്പെട്ട ഒരു ഡെപ്യൂട്ടി പ്രസിഡന്റും ഉണ്ടായിരുന്നു. നിയമസഭാവേദിയില്‍ അംഗങ്ങള്‍ക്ക് എന്ത് അഭിപ്രായവും സ്വതന്ത്രമായും നിര്‍ഭയമായും പ്രകടിപ്പിക്കാനുള്ള പരിപൂര്‍ണമായ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ബജറ്റിലെ വ്യവസ്ഥകളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മാത്രമല്ല, ധനാഭ്യര്‍ത്ഥനകള്‍ക്കെതിരായി വോട്ടുചെയ്യാനും സഭയ്‌ക്ക് അധികാരം ഉണ്ടായിരുന്നു.
പ്രായപൂര്‍ത്തി വോട്ടവകാശം വിനിയോഗിച്ചു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭ തിരുവിതാംകൂറില്‍ നിലവില്‍ വന്നത് 1948 മാര്‍ച്ച് 20നാണ്. നിയമസഭയുടെ ഘടനയിലും അവകാശാധികാരപരിധി കല്‌പനയിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ മറ്റു പല നാട്ടുരാജ്യങ്ങളുടെയും മുന്നിലായിരുന്നു.
കൊച്ചിയിലെ
ലെജിസ്ലേറ്റിവു കൗണ്‍സില്‍
തിരുവിതാംകൂറിനെപ്പോലെ കൊച്ചിയിലും നിയമ നിര്‍മാണം ഉള്‍പ്പെടെയുള്ള എല്ലാ അധികാരങ്ങളും മഹാരാജാവില്‍ നിക്ഷിപ്‌തമായിരുന്നു. തിരുവിതാംകൂറില്‍ നടന്ന പ്രഥമ പരീക്ഷണത്തിനുശേഷം ഏകദേശം 37 വര്‍ഷംകഴിഞ്ഞാണു കൊച്ചിയില്‍ ഒരു നിയമനിര്‍മാണസഭ രൂപംകൊണ്ടത്. എങ്കിലും തിരുവിതാംകൂറില്‍ ലഭിക്കാതിരുന്ന പല അധികാരങ്ങളും കൊച്ചിയിലെ നിയമനിര്‍മാണസഭയ്‌ക്കു തുടക്കത്തില്‍ തന്നെ വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നു. 45 അംഗങ്ങളുള്ള കൗണ്‍സിലില്‍ 30 പേരും സമ്മതിദായകര്‍ നേരിട്ടു തെരഞ്ഞെടുക്കുന്നവരായിരുന്നു. പക്ഷേ, സമ്മതിദാനാവകാശം ജന്മിമാരിലും തോട്ടമുടമകളിലും വ്യാപാരികളിലും വ്യവസായികളിലും മാത്രം ഒതുങ്ങി നിന്നിരുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നതിനും ബജറ്റു ചര്‍ച്ചചെയ്യുന്നതിനും പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതിനും മറ്റും അംഗങ്ങള്‍ക്കു പൂര്‍ണമായ അവകാശമുണ്ടായിരുന്നു.
1935ല്‍ നടപ്പില്‍വരുത്തിയ ഭരണപരിഷ്‌കാര നടപടികളനുസരിച്ചു കൗണ്‍സിലിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കുകയും അധികാരങ്ങള്‍ വിപുലീകരിക്കുകയും ചെയ്‌തു. രാഷ്‌ട്രനിര്‍മാണകാര്യങ്ങളില്‍ ഗവണ്‍മെന്റിനു ആവശ്യമായ ഉപദേശം നല്‌കുവാനായി കൗണ്‍സിലിലെ അഗങ്ങള്‍ (മൂന്നുപേര്‍ വീതം) അടങ്ങിയ നാലു കമ്മിറ്റികള്‍ രൂപവത്‌കരിക്കാന്‍ തീരുമാനിച്ചത് അന്നു പൊതുവേ സ്വാഗതം ചെയ്യപ്പെട്ടു. മൂന്നുവര്‍ഷം കഴിഞ്ഞ് 1938ല്‍ ഡയാര്‍ക്കി സംവിധാനം നടപ്പിലാക്കിയതോടെ കൊച്ചി സംസ്ഥാനം ഭരണപരിഷ്‌ക്കാരകാര്യത്തില്‍ നാട്ടുരാജ്യങ്ങളുടെ മുന്‍പന്തിയിലെത്തി.
നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട ഒരംഗത്തെ മന്ത്രിയായി നിയമിക്കുവാനും ഭരണച്ചുമതല ഏല്‌പിക്കുവാനും മഹാരാജാവു മുതിര്‍ന്നതു ജനകീയയുഗത്തിന്റെ പിറവിയായി ഉദ്‌ഘോഷിക്കപ്പെട്ടു. നിയമസഭയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ പതിനൊന്നു പേര്‍ മാത്രമായിരുന്നു. സ്വാതന്ത്ര്യലബ്‌ധിക്ക് ഒരു വര്‍ഷം മുമ്പായി ദീര്‍ഘവീക്ഷണത്തോടെ കൊച്ചിമഹാരാജാവു മന്ത്രിമാരുടെ എണ്ണം നാലായി വര്‍ധിപ്പിച്ചുകൊണ്ടു വിദ്യാഭ്യാസം , പൊതുമരാമത്ത്, വ്യവസായം, ഭൂനികുതി തുടങ്ങിയ എല്ലാ പ്രധാനവകുപ്പുകളുടെയും ചുമതല അവരെ ഏല്‌പിക്കുകയും ചെയ്‌തു. തിരുവിതാംകൂര്‍-കൊച്ചി സംയോജനം വരെയും ഈ സംവിധാനം തുടര്‍ന്നു.
തിരുവിതാംകൂര്‍-കൊച്ചി
നിയമസഭ
സംയോജനത്തിനുശേഷം രൂപം പൂണ്ട തിരുവിതാംകൂര്‍-കൊച്ചി നിയമസഭയില്‍ തിരുവിതാംകൂര്‍ പ്രതിനിധിസഭയിലെ 120 പേരും കൊച്ചി നിയമസഭയിലുണ്ടായിരുന്ന 58 പേരും അംഗങ്ങളായിരുന്നു. 1949 ജൂലൈ 11ന് ആണു തിരുവിതാംകൂര്‍-കൊച്ചി നിയമസഭയുടെ പ്രഥമയോഗം ചേര്‍ന്നത്.
പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെഅടിസ്ഥാനത്തില്‍ ഭാരതമൊട്ടാകെ നടന്ന പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് 1951ല്‍ 108 അംഗങ്ങള്‍ അടങ്ങിയ പുതിയ നിയമസഭ നിലവില്‍ വന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മറ്റു ചില കക്ഷികളുടെയും സ്വതന്ത്രന്മാരുടെയും പിന്‍ബലത്തോടെ ഉണ്ടാക്കിയ കോണ്‍ഗ്രസ് മന്ത്രിസഭയ്‌ക്കെതിരായി അവിശ്വാസപ്രമേയം പാസ്സായതിനെ തുടര്‍ന്നു മുഖ്യന്ത്രിയുടെ ഉപദേശപ്രകാരം രാജ പ്രമുഖന്‍ 1953 സെപ്‌റ്റംബര്‍ 22നു നിയമസഭ പിരിച്ചുവിട്ടു. അടുത്ത തെരഞ്ഞെടുപ്പില്‍ ജനഹിതം അറിയുന്നതുവരെ മന്ത്രിസഭ അധികാരത്തില്‍ തുടരുവാനും തീരുമാനിച്ചു.
പക്ഷേ, ജനവിധി കോണ്‍ഗ്രസ് മന്ത്രിസഭയ്‌ക്കെതിരായിരുന്നു. 118 അംഗങ്ങള്‍ ഉണ്ടായിരുന്ന പുതിയ നിയമസഭയില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. അതിനാല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ 19 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടി 1954 മാര്‍ച്ചില്‍ ഭരണാധികാരം ഏറ്റെടുത്തു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷമന്ത്രിസഭയ്‌ക്കും അധികകാലം അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞില്ല.
1955 സെപ്‌റ്റംബര്‍ 8 നു പട്ടം മന്ത്രിസഭ നിലംപതിച്ചതിനെ തുടര്‍ന്നു നിലവില്‍വന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ മന്ത്രിസഭയും അല്‌പായുസ്സായിരുന്നു. മന്ത്രിസഭാ പതനത്തെ തുടര്‍ന്നു 1956 മാര്‍ച്ച് 2നു സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുകയുണ്ടായി. 1956ല്‍ കേരളസംസ്ഥാനം രൂപവത്‌കരിച്ചപ്പോള്‍ സംസ്ഥാനത്ത് ഒരു നിയമസഭ നിവിലില്ലായിരുന്നു.
തിരുവിതാംകൂറിലെ ഏതാനും താലൂക്കുകള്‍ ഒഴികെയുള്ള മറ്റു പ്രദേശങ്ങളും കൊച്ചിയും മദിരാശി സംസ്ഥാനത്തിലെ മലബാര്‍ ഡിസ്‌ട്രിക്‌ടും കാസര്‍കോടു പ്രദേശവും കൂട്ടിച്ചേര്‍ത്ത് ഒരു പുതിയ സംസ്ഥാനത്തിനു ജന്മം നല്‌കിയപ്പോള്‍ കേരളീയരുടെ ഒരു ചിരകാല സ്വപ്‌നമാണു സാക്ഷാത്‌കരിക്കപ്പെട്ടത്.
പക്ഷേ, ഉത്തരവാദഭരണസ്ഥാപനത്തോടുകൂടി തിരുവിതാംകൂറിനെയും പിന്നീടു തിരു-കൊച്ചിയെയും ബാധിച്ച രാഷ്‌ട്രീയാസ്ഥിരതയും അനിശ്ചിതത്വവും കേരളത്തെയും ഗ്രസിക്കുകയുണ്ടായി. തത്‌ഫലമായി ആദ്യത്തെ ഒരു വ്യാഴവട്ടക്കാലത്തു കേരളത്തില്‍ രൂപവത്‌കൃതമായ മന്ത്രിസഭകളെല്ലാം അകാലചരമമടയുകയും ചെയ്‌തു.
ഒന്നാം കേരളനിയമസഭ
128 അംഗങ്ങളുള്ള ഒന്നാമത്തെ കേരള നിയമസഭ നിലവില്‍ വന്നത് 1957മാര്‍ച്ച് 16നാണ്. ഒരു വര്‍ഷത്തിലധികകാലം നീണ്ടു നിന്ന രാഷ്‌ട്രപതിഭരണത്തിനു ശേഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്മാര്‍ക്കും കൂടി പകുതിയിലേറെ സ്ഥാനങ്ങള്‍ ലഭിച്ചു.
ഇം.എം. ശങ്കരന്‍നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ രൂപവത്‌കരിക്കുകയും അധികാരം ഏറ്റെടുക്കുകയും ചെയ്‌തു.
ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റുപാര്‍ട്ടിക്കു ഭരണാധികാരം ലഭിച്ച ഈ സംഭവം ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ള രാഷ്‌ട്രീയനിരീക്ഷകരുടെ സവിശേഷശ്രദ്ധയ്‌ക്കു പാത്രീഭവിച്ചു.
കേരളത്തില്‍ കമ്യൂണിസ്റ്റു നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രൂപവത്‌കരണം മറ്റു സംസ്ഥാനങ്ങള്‍ക്കു മാത്രമല്ല, ഇന്ത്യയ്‌ക്കൊട്ടാകെ തന്നെ വലിയ പാഠമായി പരിണമിക്കാവുന്ന മഹത്തായ ഒരു പരീക്ഷണമാണ് എന്ന് അനുമോദനരൂപത്തില്‍ രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് തിരുവനന്തപുരത്തു വച്ചു പ്രസ്‌താവിക്കുകയുണ്ടായി.
പക്ഷേ, തുടക്കത്തില്‍ പ്രകടമായ ഈ പരസ്‌പരവിശ്വാസവും സന്‍മനോഭാവവും ദീര്‍ഘ കാലം നീണ്ടുനിന്നില്ല. പുതിയ ഗവണ്‍മെന്റിന്റെ നയപരിപാടികളോടും സമീപനരീതിയോടും ഒരു വലിയ ജനവിഭാഗം ആദ്യം മുതല്‌ക്കേ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ക്രമേണ എതിര്‍പ്പിന്റെ ആക്കം വര്‍ധിക്കുകയും ചെയ്‌തു. ഒടുവില്‍ എല്ലാ പ്രതിപക്ഷകക്ഷികളെയും അണിനിരത്തിക്കൊണ്ടു ഗവണ്‍മെന്റിനെതിരായി നടത്തിയ വിമോചനസമരം വിജയപ്രാപ്‌തിയിലെത്തി.
1959 ജൂലൈ 31 നു ഇം.എം.എസ് മന്ത്രിസഭ ഡിസ്‌മിസ് ചെയ്യപ്പെട്ടു. നിയമസഭ പിരിച്ചുവിട്ടുകൊണ്ടു സംസ്ഥാനത്തു വീണ്ടും പ്രസിഡന്റു ഭരണം ഏര്‍പ്പെടുത്തി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു നടപടിക്കു കേന്ദ്രഗവണ്‍മെന്റു മുതിര്‍ന്നത്. അതിന്റെ നിയമപരവും ഭരണഘടനാപരവുമായ സാധുതയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല. - See more at: http://malayalivartha.com/index.php?page=newsDetail&id=217#sthash.fI8EXFNv.dpuf
No comments:
Post a Comment